റായ്പുർ: സിംബാബ്വെയ്ക്ക് എതിരായ രണ്ടാം ട്വന്റി-20 ക്രിക്കറ്റിലും ഇന്ത്യൻ വനിതകൾക്കു ജയം. രണ്ടാം മത്സരത്തിൽ 67 പന്തുകൾ ബാക്കിവച്ച് ഒന്പതു വിക്കറ്റിന്റെ ജയം ഇന്ത്യ സ്വന്തമാക്കി. 25 പന്തിൽ 55 റൺസ് അടിച്ചുകൂട്ടിയ ഇന്ത്യയുടെ ഓപ്പണർ ഷെഫാലി വർമയാണ് പ്ലെയർ ഓഫ് ദ മാച്ച്.
സ്കോർ: സിംബാബ്വെ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 102. ഇന്ത്യ 8.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 104.
ടോസ് നേടിയ സിംബാബ്വെ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ചിപ്പൊ മുഗെരി തിരിപാനൊ (32 പന്തിൽ 34), ക്യാപ്റ്റൻ ജോസെഫിൻ എൻകുമൊ (35 പന്തിൽ 27 നോട്ടൗട്ട്) എന്നിവരായിരുന്നു സിംബാബ്വെ ഇന്നിംഗ്സിലെ ടോപ് സ്കോറർമാർ.
103 റൺസ് എന്ന ചെറിയ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇന്ത്യക്കായി ഷെഫാലി വർമയും ക്യാപ്റ്റൻ സ്മൃതി മന്ദാനയും (25 പന്തിൽ 47 നോട്ടൗട്ട്) ഓപ്പണിംഗ് വിക്കറ്റിൽ 96 റൺസ് ചേർത്തു. നാലു സിക്സും ആറു ഫോറും അടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിംഗ്സ്.
സ്മൃതിയുടെ ബാറ്റിൽനിന്ന് രണ്ടു സിക്സും ആറു ഫോറും പിറന്നു. മൂന്നു മത്സര പരന്പര ഇന്ത്യ 2-0ന് ഉറപ്പാക്കി. സ്മൃതി ഫുൾടൈം ക്യാപ്റ്റനായശേഷമുള്ള ആദ്യ പരന്പരയാണിത്.